ഭൂമിക്കായി മാറ്റങ്ങൾക്ക് തയാറാകണം: മാർപാപ്പ

വത്തിക്കാൻ സിറ്റി: ഭൂമിയുടെ സംരക്ഷണത്തിനു വേണ്ടി സമൂലമായ മാറ്റങ്ങൾക്ക് തയ്യാറാകണമെന്ന് ലോകനേതാക്കളോട് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. ഞായറാഴ്ച (31.10.2021) സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്യാൻ അന്താരാഷ്ട്ര ഉച്ചകോടി (സിഒപി26) ചേരുന്നതിനു മുന്നോടിയായി ബിബിസി റേഡിയോയ്ക്ക് നൽകിയ റിക്കാർഡ് ചെയ്ത സന്ദേശത്തിലാണ് മാർപാപ്പയുടെ ആഹ്വാനം. ഭൂമി നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ലോകനേതാക്കൾ ഗ്ലാസ്ഗോയിൽ സമ്മേളിക്കുന്നത്. ഭാവി തലമുറക്ക് പ്രതീക്ഷ നൽകുന്ന നടപടിയാണിത്. നമ്മുടെ ലോകത്തിൻ്റെ  കാര്യത്തിൽ എല്ലാവരും പങ്കാളിത്ത ഉത്തരവാദിത്വബോധം കൈവരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പൊതുഭവനമായ ഭൂമി നശിക്കുന്നത് തടയാനും മുൻപു കണ്ടിട്ടില്ലാത്ത വിധമുള്ള കാലാവസ്ഥ വ്യതിയാന വെല്ലുവിളി നേരിടാനുമുള്ള കൂട്ടായ യത്നത്തിൽ ലോകത്തിലെ ഒരോരുത്തർക്കും അവരുടെ പങ്കുവഹിക്കാൻ കഴിയും. ഓരോ രാജ്യവും ദേശീയ താൽപര്യങ്ങളെക്കാൾ ഉപരിയായി ഈ വിഷയത്തിൽ പൊതു നന്മയ്ക്കു  മുൻഗണന കൊടുക്കണമെന്ന് പാപ്പ അഭ്യർത്ഥിച്ചു.

കോവിഡ് മഹവ്യാധിയെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും മാർപാപ്പ സംസാരിച്ചു. മാറ്റത്തിനുള്ള അവസരമായിട്ടാണ് ഈ  വെല്ലുവിളികളെ കാണേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.