പ്രീസ്‌കൂൾ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമാകുമ്പോൾ

 ഒരു സിസ്റ്റം അല്ലെങ്കിൽ യന്ത്രം ബലഹീനമാകുമ്പോൾ കേടുപാടുകൾ മാറ്റേണ്ടത് ആവശ്യമാണ്. റിപ്പയർ അല്ലെങ്കിൽ മെയ്നനൻസ്  എന്നൊക്കെ നമ്മൾ പറയാറുണ്ടല്ലോ. ഇത് ഒരു ജീർണ്ണോദ്ധാരണമാണ്. പണിക്കുറ്റംതീർത്ത് പുതുക്കുക സമസ്തമേഖലകളോടും ബന്ധപ്പെട്ടുകിടക്കുന്ന ഒരു പദ്ധതിയാണ്. ഇത്തരം നവീകരണപ്രക്രിയയിലൂടെ ഗുണമേന്മ അസാധാരണമായ രീതിയിൽ മെച്ചപ്പെടാനും സാധ്യതയുണ്ട്. വാസ്തവത്തിൽ അതൊരു അടിച്ചുവാരി വൃത്തിയാക്കൽതന്നെയാണ്. ദേശീയ വിദ്യാഭ്യാസപദ്ധതയിൽ (NEP) വളരെയേറെ അഴിച്ചുപണികൾ നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും ആദ്യത്തെ ഭാഗത്തെക്കുറിച്ചുള്ള ഒരു നിരീക്ഷണമാണ് ഇവിടെ നടത്തുന്നത്.

വിദ്യാഭ്യസമേഖല കെട്ടിടമോ യന്ത്രമോ അല്ല

ഏതൊരു രാജ്യത്തിൻ്റെയും വിദ്യാഭ്യാസമേഖല ജീവനുള്ള ഒരു വ്യക്തിയെപ്പോലെ(Living Organism)യാണ്. യന്ത്രം നന്നാക്കുന്നതുപോലെ വിദ്യാഭ്യാസമേഖലയെ നന്നാക്കാനാവില്ല. വിദ്യാഭ്യാസത്തിൻ്റെ  ലെഗസ്സി അല്ലെങ്കിൽ പാരമ്പര്യം, ആഭിമുഖ്യങ്ങൾ എന്നിവയെല്ലാം ആ ദേശത്തെ വിശാലമായ സാമൂഹിക ഇത്തോസുമായിട്ട് (Ethos) ഗാഢമായ രീതിയിൽ ബന്ധപ്പെട്ടതാണ്. ഇതിൽ ആചാരവൈവിധ്യം, ഭാഷാവൈവിധ്യം, ധർമ്മചിന്ത, ജാതിചിന്ത, മൂല്യചിന്ത, തുടങ്ങി ഒട്ടനവധികാര്യങ്ങൾ ഉണ്ടാവും. തന്മൂലം വിദ്യാഭ്യാസത്തിൽ അടിസ്ഥാനപരമായ പരിഷ്കാരങ്ങൾ കൊണ്ടുവരുമ്പോൾ ഇത്തരത്തിലുള്ള മേഖലകളെക്കുറിച്ചുള്ള അടിസ്ഥാനപഠനങ്ങൾ ആവശ്യമാണ്. നവീകരണവും പുനഃക്രമീകരണവും പുനർവായനയും വേരുകളോടു ബന്ധപ്പെട്ടു മാത്രമേ നടത്താവൂ. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിനു വലിയ കയ്യടി കിട്ടിയിട്ടുണ്ട്. ന്യൂനതകൾ ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധിക്കപ്പെടാതെ പോവുകയുമാണ്. നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 45-നെ അവഗണിച്ചുകൊണ്ടുള്ള വലിയ ഒരു ശസ്ത്രക്രിയയാണ് ഈ പുതിയ നയത്തിൻ്റെ , പ്രത്യേകിച്ച് ആദ്യഭാഗത്ത്, നാം കാണുക. അടിസ്ഥാനവിദ്യാഭ്യാസത്തിൻ്റെ  (Elementary Education) പുനഃക്രമീകരണം കുറച്ചുകൂടി ശ്രദ്ധിച്ചുചെയ്യേണ്ടതാണ്. ഇപ്പോൾ നടത്തിയ ശസ്ത്രക്രിയവഴി ആദ്യത്തെ രണ്ടു പ്രൈമറിവിഭാഗത്തെ മൂന്നു വർഷത്തെ പ്രീ-സ്കൂൾ വിദ്യാഭ്യാസവുമായിട്ട് ഗ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്. ചരിത്രപരമായ ഒരു മാറ്റമാണു വരുന്നത്. 10+2 എന്നതിനോട് മൂന്നു വർഷത്തെ പ്രീ-സ്കൂൾ കൂടി ചേർത്ത് പതിനഞ്ചു വർഷമാക്കിയിരിക്കുന്നു. കുട്ടിയുടെ മൂന്നാം വയസ്സുമുതൽ ഔദ്യോഗികവിദ്യാഭ്യാസം ആരംഭിക്കുന്നു. അതായത്, പ്രീ-സ്കൂൾ വിദ്യാഭ്യാസം പൊതുസ്കൂൾ വിദ്യാഭ്യാസത്തിൻ്റെ  ഭാഗമാകുന്നു. ഒന്നാംക്ലാസ്സിൽ ചേരുന്നതിനുപകരം നഴ്സറി, എൽ.കെ.ജി., യു.കെ.ജി. എന്നിവ ഇനി പൊതുവിദ്യാഭ്യാസത്തിൻ്റെ  ഭാഗമാകും. കുട്ടിക്ക് മൂന്നു വയസ്സാകുമ്പോൾ സ്കൂളിൽ ചേരണം. അതായത്, മൂന്നാംവയസ്സിൽ ചേർന്നു പതിനഞ്ചു വർഷം പഠിച്ചു കുട്ടി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നു. അപ്പോൾ കുട്ടിക്ക് 18 വയസ്സാകും.
വിദ്യാഭ്യാസത്തിൻ്റെ  ആത്യന്തികലക്ഷ്യം സമഗ്രമനുഷ്യൻ്റെ  രൂപപ്പെടുത്തലാണ്. ബൗദ്ധികവും ശാരീരികവും ആത്മീകവും മാനസികവുമായ വളർച്ചയോടൊപ്പം സാമൂഹികകാഴ്ചപ്പാടുകളും കുട്ടികളിൽ നിറയണം. മൂന്നു വയസ്സുമുതൽ ഒരു കുട്ടിയുടെ പഠനപ്രക്രിയ ഔദ്യോഗികമായി ആരംഭിക്കണമെന്ന പുതിയ നയം കുട്ടികളിൽ മാനസികബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. ഒരു വ്യക്തിയുടെ വ്യക്തിത്വരൂപീകരണത്തിന് അടിസ്ഥാനമിടുന്ന കാലമാണ് ശൈശവ-കൗമാരകാലം.
പ്രസിദ്ധ തത്ത്വശാസ്ത്രജ്ഞനായ ജോൺ ലോക്ക് കുട്ടികളുടെ വളർച്ചയുടെ നാഴികക്കല്ലുകൾ വേർതിരിച്ചു. അദ്ദേഹത്തിൻ്റെ  കാഴ്ചപ്പാടിൽ മൂന്നു വയസ്സുവരെ മാതാപിതാക്കളുടെ ആശ്രയത്തിൽ കുട്ടികൾ കഴിയുന്നു. വളർച്ചയുടെ ആരംഭത്തിൽ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരാശ്രയംകൂടാതെ ഒരു കുട്ടിക്ക് നടത്തിയെടുക്കുവാൻ ഈ​​ കാലംവരെ കഴിയുകയില്ല. മൂന്നുമുതൽ ഏഴുവരെയുള്ള കാലത്ത് കുട്ടികൾ മറ്റുള്ളവരുടെ സഹായത്തിലാണെങ്കിലും, നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും ആശയങ്ങൾ, ആവശ്യങ്ങൾ പങ്കുവയ്ക്കലിലൂടെയും വളരുന്നു. ഈ കാലത്ത് പ്രായമായവർ അവരെ നിരീക്ഷിക്കുകയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ജോൺ ലോക്ക് ഒരു വ്യക്തിയുടെ ചെറുപ്പകാലത്തെ മൂന്നായിട്ടു തിരിക്കുന്നു
ശൈശവകാലം - 1 -3 (Early Childhood)
മദ്ധ്യകാലം - 7-12 (Middle Age)
കൗമാരകാലം - 13 - 19 (Adolescence)

പിഞ്ചുമനസ്സുകളിൽ അടിച്ചേല്പിക്കപ്പെടുന്ന വിദ്യാഭ്യാസം

ഇപ്പോഴത്തെ വിദ്യാഭ്യാസനയത്തിൽ കുട്ടിയുടെ വളർച്ചാകാലത്തെ വിസ്മരിച്ചുകൊണ്ട് പാഠ്യവിഷയങ്ങൾ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നു. ശൈശവ-ബാല്യകാലയളവിൽ കുട്ടികളുടെ മാനസികവികാസത്തിന്, ശാരീരികവളർച്ചയ്ക്ക്, ബൗദ്ധികവളർച്ചയ്ക്ക്, വൈകാരികപക്വതയ്ക്ക് കളികളാണ് പ്രധാനമായും വേണ്ടത്. ഓട്ടം, ചാട്ടം, മരങ്ങളിലും കുന്നുകളിലും മലകളിലും കയറ്റം മുതലായവ വളരെ പ്രാധാന്യമർഹിക്കുന്നു. പൊതുവിജ്ഞാനം നേടാനും യുക്തിപരമായ ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള സമയമാണിത്. നല്ല ശീലങ്ങൾ പഠിച്ചെടുത്ത് കുട്ടികൾ വൈകാരികപക്വത നേടുന്നു. പുതിയ വിദ്യാഭ്യാസനയത്തിൽ അടിസ്ഥാനപരമായ ലിറ്ററസി(സാക്ഷരതയും)യും ന്യൂമെറസിയും (സംഖ്യാപഠനം) ഉൾച്ചേർത്തിരിക്കുന്നു. രാജ്യത്താകമാനമുള്ള നേഴ്സറികളിൽ കുട്ടികൾ ഇംഗ്ലീഷ് അക്ഷരങ്ങൾ പഠിക്കുകയും സംഖ്യാകണക്കുകൾ കുറെയെല്ലാം മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയെങ്കിൽ ആദ്യവർഷങ്ങളിൽതന്നെ (മൂന്നാംവർഷംമുതൽ) ഇത് ഔദ്യോഗികമാക്കി മാറ്റാൻ പാടില്ലേ എന്നതാണ് ചിന്താവിഷയം.

എങ്ങനെയാണ് കുട്ടി വായിക്കാൻ പഠിക്കുന്നത്

അക്ഷരങ്ങൾ പഠിച്ചുകൊണ്ടാണ് വായിക്കാൻ പഠിക്കുന്നത്. ഓരോ അക്ഷരവും അതിൻ്റെ സ്വരവും തിരിച്ചറിയണം. തുടർന്ന് ലളിതമായ വാക്കുകൾ പഠിക്കണം. നൂറ്റാണ്ടുകൾ നിലനിന്ന ഒരു പാരമ്പര്യമാണിത്. കുട്ടിയുടെ കണ്ണും മനസ്സും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലാണ് ഇത് അടങ്ങിയിരിക്കുന്നത്. അർത്ഥത്തിനുവേണ്ടിയുള്ള ഒരു കുട്ടിയുടെ ദാഹമാണ് ഇവിടെ കാണുന്നത്. കേവലം ഒരു യാന്ത്രിക പ്രസ്ഥാനമല്ലിത്.

അപക്വമനസ്സുകളിൽ സാക്ഷരത അപകടകരമാകാം

മൂന്നാം വയസ്സിൽ നിൽക്കുന്ന ഒരു കുട്ടി പഠിച്ചുകൂട്ടുന്ന അക്ഷരങ്ങളും വാക്കുകളും ഭാവിയിൽ ആ കുട്ടിക്ക് ഉപദ്രവകരമാണ്. കുട്ടിയെ അഞ്ചുവയസ്സുകഴിഞ്ഞ് സ്കൂളിൽ ചേർത്താൽ മതിയെന്ന് അക്ഷരജ്ഞാനംപോലുമില്ലാത്ത മാതാപിതാക്കൾ പണ്ടുമുതലെ പറഞ്ഞിരുന്നതാണ് ഏറ്റവും വലിയ വിദ്യാഭ്യാസപദ്ധതി. ശൈശവകാലവിദ്യാഭ്യാസത്തിലേക്കുള്ള ഒരു താക്കോലാണ് വാസ്തവത്തിൽ ഇത്. മൂന്നാംവയസ്സിൽ പഠിച്ചുകൂട്ടുന്നതെല്ലാം കുട്ടിയെ ദ്രോഹിക്കുന്ന വിധത്തിലേക്കു രൂപപ്പെടും. അത് കുട്ടിയിൽ ഒരു സ്ഥായിയായ ശീലം (ഹാബിറ്റ്) ഉറപ്പിക്കും. ഇത്തരം ബാല്യകാലശീലങ്ങൾ എളുപ്പത്തിൽ പിന്നീട് തിരുത്താൻ പറ്റുന്നതല്ല. കാരണം, ഇവിടെ യഥാർത്ഥ സന്ദേശം കുട്ടി ഗ്രഹിക്കുന്നില്ല. വാക്കുകളുടെ പിന്നിലുള്ള സന്ദേശം, ആശയം, കുട്ടി ഗ്രഹിക്കുന്നില്ല. പാഠത്തോടു ബന്ധമില്ലാതെ വായിക്കുന്നതും ഗ്രന്ഥകാരനെക്കുറിച്ചു യാതൊരു ഗ്രാഹ്യവുമില്ലാതെ പഠിക്കുന്നതും ഉപദ്രവകരമാണ്. വളരെ ചെറുപ്പത്തിലേ അക്ഷരങ്ങൾ പഠിപ്പിക്കുന്നതും വായിക്കാൻ പഠിപ്പിക്കുന്നതും അതിന്മേൽ ഓരോ ദിവസവും വളർച്ച ഉണ്ടാകണമെന്ന് അധ്യാപകർ വാശിപിടിക്കുന്നതും കുട്ടികൾക്ക് മാനസികസമ്മർദ്ദം ഉണ്ടാകും. അർത്ഥമറിയാതെ വായിക്കാനും താത്പര്യമില്ലാതെ വായിക്കാനുമുള്ള പ്രേരണകൾ കുട്ടിയെ തളർത്തും. കുട്ടികളുടെ ഭൗതിക വികാസത്തിനാവശ്യമായവ ഘട്ടംഘട്ടമായിട്ടാണ് നല്കേണ്ടത്. ബുദ്ധിശക്തി എന്നത് ഒരു യാഥാർത്ഥ്യമാണ്. നിർമ്മിത ബുദ്ധി (Artificial Intelligence) യുടെ കാലമാണല്ലോ ഇത്. വിവരസാങ്കേതിക വിദ്യകൾ വികസിച്ചുവരുമ്പോഴും വിദ്യാഭ്യാസ പ്രവർത്തകരും പണ്ഡിതരും ഒരേപോലെ ശ്രദ്ധിക്കുന്ന കാര്യമാണ് അറിവുകൾ കുട്ടികളിലേക്ക് പകരണമെങ്കിൽ അതിന് കുട്ടികളുടെ ബുദ്ധിശക്തി വികസിക്കുന്നതിനനുസരിച്ചേ അവരിലേക്ക് പകർന്നു നല്കാൻ പാടുളളു എന്നത്. കാരണം പാത്രത്തിൻ്റെ  ഉളളിൽ നിറയ്ക്കാവുന്നതെ ആരും നിറയ്ക്കു. കുപ്പിയിൽ നിറയ്ക്കാവുന്ന ജലമേ നിറയ്ക്കുവാൻ കഴിയു. ഒരു ബക്കറ്റ് വെളളമുണ്ടെങ്കിലും ഒരു കുപ്പിയിലേക്ക് പകരുന്നതിന് പരിമിതിയുണ്ട്. മലയാളംപോലുളള ഭാഷകൾക്കും രസതന്ത്രം പോലുളള ശാസ്ത്രത്തിനും പഠനാർഹമായവയെല്ലാം പാഠപുസ്തകങ്ങളിലും ടാബിലും ലാപ്‌ടോപ്പിലുമെല്ലാം ഉണ്ടെങ്കിലും അധ്യാപകർ അവയെല്ലാംകൂടി ഒരു ദിവസംകൊണ്ട് കുട്ടികളെ പഠിപ്പിച്ച് തീർത്ത് വിടുകയല്ല, ഗുളിക പരുവത്തിൽ അധ്യായങ്ങളും ഖണ്ഡികകളുമായി തിരിച്ച് ഓരോ ദിവസവും കുട്ടികൾക്ക് ഉൾക്കൊളളാവുന്നവ മാത്രം നല്കുന്നു. എന്തുകൊണ്ട് ഒരു സ്കൂൾ ദിവസത്തെ വിവിധ പീരിഡുകളായി തിരിച്ചിരിക്കുന്നു? ആ പീരിഡുകളിൽ ഒരു ദിവസം ഒരു വിഷയം മാത്രമായി പഠിപ്പിക്കുന്നില്ല. വിവിധ വിഷയങ്ങൾ, അധ്യായങ്ങളായി വിഭജിച്ച് പല പീരിഡുകളായി പഠിപ്പിക്കുമെങ്കിലെ കുട്ടികൾ ഉൾക്കൊളളു. ഇതാണ് യാഥാർത്ഥ്യമെങ്കിൽ കളിക്കും ചിരിക്കും വിനോദത്തിനും അന്വേഷണത്തിനും പരീക്ഷണത്തിനും അവസരം നല്കി വിദ്യാഭ്യാസ പ്രക്രിയ നടത്തേണ്ടിടത്ത് "ബുദ്ധിയുറയ്ക്കാത്ത ശിശുക്കൾക്ക്'' മൂന്നാം വയസ്സുമുതലേ കടുകട്ടിയായ പാഠഭാഗങ്ങൾ പഠിപ്പിക്കണമെന്ന് ശഠിക്കുന്നതിലേ നിർബന്ധബുദ്ധി മനസ്സിലാകുന്നില്ല. ഒരു നിർമ്മിത ബുദ്ധി വിചാരിച്ചാലും കുട്ടികളുടെ തലച്ചോറിൽ അവ എത്തുകയില്ല. എല്ലാത്തിനും യുക്തിഭദ്രത ഉണ്ടാവണം. കുട്ടികൾക്ക് പ്രധാനമായും കളികൾ വേണ്ട ഒരു സമയമാണിത്. കളികൾ അവരിലെ എല്ലാ കഴിവുകളെയും പുറത്തെടുക്കും. കണ്ടുപിടിത്തങ്ങൾ, നേതൃത്വവാസന, വെല്ലുവിളികൾ നേരിടാനുള്ള കഴിവ്, പങ്കുവയ്ക്കൽ മനോഭാവം, മറ്റുള്ളവരെ അംഗീകരിക്കാനും എതിർക്കാനുമുള്ള സ്വഭാവങ്ങൾ, പ്രശ്നങ്ങളെ നേരിടാനും പരിഹരിക്കാനുമുള്ള മനോഭാവങ്ങൾ തുടങ്ങിയവയെല്ലാം. പ്ലേ സ്കൂളുകൾ നഷ്ടപ്പെടുന്നത് കുട്ടികൾക്ക് വലിയ നഷ്ടമാണ്.

വളരെ ചെറുപ്പത്തിലെ എഴുതാൻ തുടങ്ങുന്നതും അപകടം

പ്രായമാകുന്നതിനുമുമ്പ് എഴുതാൻ തുടങ്ങുന്നതും അതിനു കുട്ടിയെ പ്രേരിപ്പിക്കുന്നതും കുട്ടിയുടെ സമഗ്രവളർച്ചയ്ക്കു നല്ലതല്ല. അടിസ്ഥാനപരമായി എഴുത്ത് എന്നത് ഒരുവൻ്റെ ആശയം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതാണ്. വായിക്കാൻ ആരുമില്ലാത്തപ്പോൾ എഴുത്തിനു പ്രസക്തിയില്ല. ഒരു മെക്കാനിക്കൽ കഴിവായിട്ടുമാത്രം, അതും നന്നേ ചെറുപ്പത്തിലേ അമിതമായി പ്രോത്സാഹിപ്പിക്കുന്നതു ശരിയല്ല. അധ്യാപകർ എല്ലാം പഠിപ്പിക്കുവാൻ നിർബന്ധിതമാകുമ്പോൾ മാതാപിതാക്കളും അതേ ഭാരം ഏറ്റെടുക്കുന്നു. കുട്ടികൾ വിഷമിക്കുകയും ചെയ്യുന്നു.

അപക്വമനസ്സിലെ സംഖ്യകളും (Numeracy) ഭാരം

സംഖ്യ, കണക്ക്, അദ്ഭുതകരമായ ഒരു ലോകമാണ്. ഒരു കുട്ടിക്ക് പ്രപഞ്ചത്തെ സംബന്ധിച്ച കാഴ്ചപ്പാടുകൾ ലഭ്യമാകുന്നത് കണക്കുകളിലൂടെയാണ്. കണക്കുകൾ മനഃപാഠമാക്കാനും ആവർത്തിക്കുവാനും നിർബന്ധിക്കുന്നതും കുട്ടിക്ക് താങ്ങാൻ പറ്റാത്തവിധത്തിലുള്ള കണക്ക്/സംഖ്യ പരിചയപ്പെടുത്തുന്നതും കുട്ടിയെ മാനസികമായി തളർത്തും. ഇത്തരം അമിതാവേശങ്ങൾ കുട്ടിയ മാനസികസംഘർഷത്തിലേക്കു നയിക്കും. ഒരു കുട്ടിയെയാണ് വളർത്തി ക്കൊണ്ടുവരുന്നത് എന്ന ചിന്തയില്ലാതെപോകുന്നതു ശരിയല്ല. സംഖ്യയും യഥാർത്ഥ ലോകവുമായുള്ള ബന്ധം തകർക്കാൻ മാത്രമേ ഇത്തരം പ്രവണതകൾ ഉപകാരപ്പെടുകയുള്ളൂ. കുട്ടിയുടെ ആഭിമുഖ്യങ്ങളും ഈ പ്രപഞ്ചവും തമ്മിലുള്ള ബന്ധമാണ് നഷ്ടപ്പെടുന്നത്. ഇത്തരം പാലങ്ങൾ/ബന്ധങ്ങൾ സ്ഥാപിക്കാതെയുള്ള വിദ്യാഭ്യാസം അപകടകാരിയാണ്. പിന്നീട് തിരിച്ചറിവാകുമ്പോൾ കുട്ടി കണക്ക് പഠിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറും. കുട്ടിക്ക് കണക്കിനോടുള്ള ആകർഷകത്വം ഇല്ലാതാകും.

അമിതവേഗം എന്ന സംസ്കാരം

അമിതവേഗത്തിന് (speed) ഒരു ശമനം വരുത്തിയത് കൊറോണാ കാലഘട്ടമാണ്. എല്ലാവരെയും ഇരുത്തി ചിന്തിപ്പിച്ചു. ഡിജിറ്റൽ സംവിധാനംകൂടി ആയപ്പോൾ ഈ അമിതവേഗം വളരെ സ്വാഭാവികമായി മാറി. ഏറ്റവും കുറഞ്ഞ പ്രായത്തിൽ, മൂന്നു വയസ്സ് ആകുന്നതിനുമുമ്പുപോലും കുട്ടിയെ സ്കൂളിൽ വിടാം എന്നു സന്തോഷത്തോടെ നോക്കിയിരിക്കുന്ന മാതാപിതാക്കളും ഈ അമിതവേഗത്തിൻ്റെ  ഇരകളാണ്. മാതാപിതാക്കളിൽനിന്ന് കുട്ടികളെ വളരെ ചെറുപ്പത്തിൽ മാറ്റി പ്രതിഷ്ഠിക്കുന്നത് അവരിൽ പിന്നീട് സുഖപ്പെടുത്താൻ പറ്റാത്ത മുറിവുകൾ സൃഷ്ടിക്കും. വീടിൻ്റെ  തുടർച്ചയായിരിക്കണം സ്കൂൾ എന്ന സഭയുടെ പ്രബോധനത്തിന് ഏറെ ഭംഗിയുണ്ട്. വാസ്തവത്തിൽ കുട്ടികളുടെ ഈ 'Transfer' (സ്ഥലംമാറ്റം) ഏറ്റം വേദനാജനകമാണ്. മുതിർന്നവർപോലും പലപ്പോഴും എത്രയോ എതിർപ്പുകളോടുകൂടിയാണ് ട്രാൻസ്ഫറുകൾ സ്വീകരിക്കുന്നത്. നഴ്സറികൾ എന്ന Play-World (കുട്ടികളുടെ ലോകം)നു വളരെ പ്രസക്തിയുണ്ട് എന്നു നാം മറക്കരുത്. ലിറ്ററസിയും (സാക്ഷരത) ന്യൂമറസ്സിയും (സംഖ്യ, പഠനം) പിഞ്ചുമനസ്സുകളിലെ വിദ്യാഭ്യാസത്തിൻ്റെ  അടിസ്ഥാനതത്ത്വങ്ങൾ ആകുമ്പോൾ പിഞ്ചുഹൃദയങ്ങളെ മാനസികസംഘർഷങ്ങളുടെ യുദ്ധക്കളങ്ങൾ ആക്കിമാറ്റുന്നു എന്നു മറക്കരുത്. വിദ്യാർത്ഥിയുടെ ശാരീരികവും മാനസികവും ബൗദ്ധികവും സദാചാരപരവും ധാർമ്മികവുമായ മാനങ്ങൾക്കു മുൻഗണന കൊടുക്കുന്ന വിദ്യാഭ്യാസസമ്പ്രദായമാണ് നമുക്ക് ആവശ്യമായിരിക്കുന്നത്.