പാലാ രൂപത പ്രസ്ബിറ്ററൽ കൗൺസിൽ ഉദ്ഘാടനവും കാതോലിക്കാബാവയ്ക്ക് സ്വീകരണവും

പാലാ: പാലാ രൂപത പതിമൂന്നാമത് പ്രസ്ബിറ്ററൽ കൗൺസിലിൻ്റെ  പ്രഥമ സമ്മേളനോദ്ഘാടനവും മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവായ്ക്ക് സ്വീകരണവും പാലാ ബിഷപ്സ് ഹൗസിൽനടന്നു. പ്രസ്ബിറ്ററൽ കൗൺസിൽ ഉദ്ഘാടനം കാതോലിക്കാബാവ നിർവഹിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രസംഗം നടത്തി. 
 ദരിദ്രരുടെയും അനാഥരുടേയും നിസ്സഹായരുടെയും  വേദനയകറ്റാൻ ഓർത്തഡോക്സ് സഭയും കത്തോലിക്കാസഭയും  യോജിച്ച് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിൻ്റെ  ആവശ്യമാണെന്ന് കാതോലിക്കാബാവ പറഞ്ഞു. സുവിശേഷസന്ദേശം വേഗത്തിൽ പ്രചരിപ്പിക്കുവാൻ സഭകൾ തമ്മിലുള്ള സംവാദം വേദിയൊരുക്കും ഈശോമിശിഹായുടെ വ്യക്തിത്വത്തിലേക്ക് ശ്രദ്ധയൂന്നിയാൽ അനൈക്യത്തിൻ്റെയും വിഭാഗീയതയുടെയും അർത്ഥശൂന്യത വ്യക്തമാകുമെന്നും കത്തോലിക്കാബാവാ കൂട്ടിച്ചേർത്തു. 
പാലായിലെത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയ്ക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശംസകൾ അർപ്പിച്ചു. ഓർത്തഡോക്സിയെ (ശരിയായ പ്രബോധനം) എക്കാലത്തും ഉയർത്തിപ്പിടിച്ച മഹനീയ വ്യക്തിത്വമാണ് കത്തോലിക്കബാവയെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. യഥാർത്ഥ പ്രബോധനത്തിൻ്റെ  പ്രഭയിൽ മാത്രമേ ദൈവത്തെ ആരാധിക്കാനും ലോകത്തെയും മനുഷ്യനെയും മാനിക്കാനും കഴിയൂവെന്ന് ബിഷപ് ഓർമ്മപ്പെടുത്തി.
കാതോലിക്കാബാവയുടെ സന്ദർശനവും സമ്മേളനവും സഭൈക്യത്തിൻ്റെ  ഉത്തമദൃഷ്ടാന്തമാണെന്ന് രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സന്ദേശത്തിൽ പറഞ്ഞു.
വികാരിജനറാൾമാരും പ്രസ്ബിറ്ററൽ കൗൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.